ദൂരദർശിനി
An old, broken telescope resurfaces after a chance encounter with a childhood friend — and with it, twenty years of buried memory. A quiet, atmospheric story about what we choose to hold on to, and why. Told with warmth, restraint, and a touch of ache. A short read that lingers.

ദൂരദർശിനി
അത് അകലെയുള്ള വസ്തുക്കളെ അടുത്തുകാണാൻ സഹായിക്കുന്നു. ഇരുപതു വർഷത്തിലധികം പഴക്കമുള്ള വക്കു പൊട്ടിയ ഈ ദൂരദർശിനി, ഇന്നു ഞാനെടുത്തു നോക്കാൻ ഒരു കാരണമുണ്ട് – ഞാനിന്ന് മാളുവിനെ വീണ്ടും കണ്ടു. അവൾ അവളുടെ വിവാഹത്തിന് ക്ഷണിക്കാൻ വന്നതായിരുന്നു. അവൾക്കിപ്പോൾ ഇരുപത്തിയാറു വയസായിരിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
മഞ്ഞുകാലത്തിന്റെ നിറങ്ങൾ പുതച്ചുകിടക്കുന്ന അകലെയുള്ള ആ കുന്നിലേക്ക് ഞാൻ ദൂരദർശിനിയിലൂടെ നോക്കി. എനിക്കു കാണാം, ഇരുപതു വർഷങ്ങൾക്കു മുൻപ് അതിനു താഴേക്കൂടി, ഓടിവരുന്ന രണ്ടു കുട്ടികളെ. മാളു രണ്ടാം ക്ലാസിലും, ഞാൻ നാലിലും ആണ് അന്നു പഠിച്ചിരുന്നത്. അവളുടെ അമ്മ അവളെ നോക്കാൻ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. പക്ഷേ അവൾ എന്നും എനിക്ക് പിടിതരാതെ ഓടിക്കൊണ്ടിരുന്നു.
ഗ്രാമാതിർത്തിയിലെ ആ താഴ്വരയിൽ, വലിയ പുന്നമരങ്ങൾ തണൽവിരിച്ച ഇരുണ്ട വിസ്തൃതമായ പുരയിടത്തിൽ, ഒരു പഴയ വലിയ വീടുണ്ടായിരുന്നു. അത് ആർമിയിലെ ഒരു കേണലിന്റേതായിരുന്നു. അവിടെയാണ് ഞങ്ങൾ വാടകക്കു താമസിച്ചിരുന്നത്. കാട്ടു പൂവുകളും, തുമ്പികളും, എനിക്കു പേരറിയാത്ത കുറേ മരങ്ങളുമല്ലാതെ, മാളുവും അവളുടെ ചേട്ടനുമായിരുന്നു അന്ന് ഒൻപത് വയസുണ്ടായിരുന്ന എനിക്ക് കൂട്ട്.
മാളുവിന്റെ ചേട്ടൻ കണ്ണൻ ചേട്ടന് അന്നേ നല്ല പ്രായമുണ്ടായിരുന്നു. അയാൾ അന്ന് പത്താം ക്ലാസിലായിരുന്നു! എപ്പോഴും അയാളുടെ കയ്യിൽ കനമുള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ പഴയ നാഷണൽ ടേപ്പ് റെക്കോർഡറിൽ അയാൾ ആധുനിക കവിതകളുടെ കാസറ്റുകൾ കേൾപ്പിച്ചിരുന്നു. എന്തൊക്കെയോ വലിയ അർത്ഥങ്ങൾ ഉണ്ടായിരുന്നിരിക്കണം, എനിക്കൊന്നും മനസിലായിരുന്നില്ല. എന്നാലും, അതു കേൾക്കാൻ പോകാത്ത വൈകുന്നേരങ്ങളും ഉണ്ടായിരുന്നില്ല. അയാൾ എഴുതിയിരുന്നു. സ്കൂൾ മാസികയിൽ പ്രസിദ്ധീകരിച്ച അയാളുടെ കവിതകൾ ഞാൻ വായിച്ചിരുന്നു. ഗൃഹാതുരത്വവും, നഷ്ടവും, പ്രണയവുമാണതിൽ നിഴലിച്ചിരുന്നത് എന്ന് ഇന്നു ഞാൻ മനസിലാക്കുന്നു. ഹോളിവുഡ് സിനിമകളെപ്പറ്റിയും, രാഷ്ട്രീയത്തെപ്പറ്റിയുമൊക്കെ അയാൾ സംസാരിച്ചിരുന്നു, രണ്ടും ഒരു നാലാം ക്ലാസുകാരന് മനസിലാവുന്ന വിഷയങ്ങളായിരുന്നില്ല. എന്നാലും, കണ്ണൻ ചേട്ടൻ വായിക്കുന്ന പുസ്തകങ്ങൾ വായിച്ചാൽ, കവിതകൾ കേട്ടാലൊരു പക്ഷേ എനിക്കും എന്നെങ്കിലും അയാളെ പോലെ എഴുതാനും സംസാരിക്കാനും കഴിയുമെന്ന് ഞാൻ കരുതി.
അവസാന പരീക്ഷയും കഴിഞ്ഞ് ശാന്തമായ മാർച്ചിലെ ഒരു വൈകുന്നേരം. സ്കൂൾ കഴിഞ്ഞ് തിരിച്ചു വന്ന ഞാൻ, പതിവു പോലെ കണ്ണൻ ചേട്ടന്റെ വീട്ടിലേക്കോടി. ചേട്ടന്റെ പരീക്ഷകളെല്ലാം കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയമായിരുന്നു അത്. ഞാൻ ചെല്ലുമ്പോൾ അയാൾ മുറി വൃത്തിയാക്കുകയായിരുന്നു. ചുടുകട്ടയിട്ടു കെട്ടിയ ആ ചെറിയമുറി നിറയെ പുസ്തകങ്ങളും കടലാസുകളും ചിതറിക്കിടന്നിരുന്നു. അക്കൂട്ടത്തിൽ ഒന്ന് എന്റെ ശ്രദ്ധയാകർഷിച്ചു – ഞാൻ മുൻപ് കണ്ടിട്ടില്ലാത്ത ഒരു ഇരുമ്പു പെട്ടി.
"അതെന്താ?" ഞാൻ ചോദിച്ചു.
ഒരു മരക്കസേരയിൽ കയറിനിന്ന് എന്തോ പരതുകയായിരുന്ന അയാൾ താഴേക്കു നോക്കി.
"ഓ, ഒന്നുമില്ല എന്റെ കുറേ പഴയ സാധനങ്ങൾ,"
താഴെയിറങ്ങി വന്നു പെട്ടി തുറന്നു കാണിച്ചു തന്നു, കുറേ പഴയ നോട്ടുപുസ്തകങ്ങൾ, കൊക്കുകളുടെയും അരയന്നങ്ങളുടെയും ചിത്രങ്ങൾ വരച്ച കുറേ ചാർട്ടു പേപ്പറുകൾ…
"ഈ പടങ്ങൾ ഞാൻ മുൻപ് കണ്ടിട്ടുണ്ട്, ഞങ്ങൾ വീടുമാറി വന്നപ്പോൾ അവിടെയുണ്ടായിരുന്നു, ഞാൻ എന്റെ മേശയിൽ എടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ട്, ഇതാരാ വരക്കുന്നത്?."
"അത് അനുവാണ്, നിങ്ങളുടെ വീട്ടുടമസ്ഥന്റെ മോളാ, നിങ്ങൾ വരുന്നതിനു മുൻപ് അവരാണ് അവിടെ താമസിച്ചിരുന്നത്, ഞങ്ങൾ അടുത്ത കൂട്ടുകാരായിരുന്നു."
"അപ്പോൾ, ആ ചേച്ചി ആരാ ചിത്രകാരിയോ…"
"ഹും. ഷീ ഈസ് റിയല്ലി ബ്രില്ലന്റ്, നീ സ്കൂളിൽ പോയി ടീച്ചർമാരോട് അന്വേഷിച്ച് നോക്ക് അവളുടെ കയ്യിൽ ഇല്ലാത്ത പരിപാടികൾ ഇല്ല. അവൾ നന്നായി എഴുതുകയും ചെയ്യും, ഈ പുസ്തകങ്ങൾ നിറയെ അവളുടെ കവിതകളാണ്."
ആദ്യം കാണുന്ന കൗതുകത്തോടെ അയാൾ ആ പഴയ നോട്ടു പുസ്തകത്തിന്റെ താളുകൾ മറിച്ചു.
"എന്തു നല്ല ഹാൻഡ് റൈറ്റിങ് ആണല്ലേ."
അയാളുടെ വാക്കുകളിൽ, ആരാധനയോ?
"അമ്മ പറഞ്ഞിട്ടുണ്ട് അവരെപ്പറ്റിയൊക്കെ, ഞാൻ കണ്ടിട്ടൊന്നും ഇല്ല."
"അവളും ഫാമിലിയും കുറച്ചു ദിവസത്തെ വെക്കേഷനു വരുന്നുണ്ട്, ഇന്നു വൈകുന്നേരം ഇവിടെ എത്തും."
എനിക്കതിൽ വലിയ താത്പര്യം ഒന്നും തോന്നിയില്ല.
"നിങ്ങൾ സ്കൂളിൽ ഒരുമിച്ചായിരുന്നോ?"
അനുവിനെപ്പറ്റി സംസാരിക്കുന്നതാണ് അയാൾക്കിഷ്ടം എങ്കിൽ അങ്ങനെയാവട്ടെ.
"അതേ, ഒന്നാം ക്ലാസു തൊട്ട്. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. ഞങ്ങൾ എല്ലാം ഷെയർ ചെയ്തു, അവളെ ഞാൻ ഇംഗ്ലീഷ് പഠിപ്പിക്കും, അവളെന്നെ ഹിന്ദി പഠിപ്പിക്കും…"
ഞാൻ സംശയരൂപേണ നോക്കി.
"അവളുടെ അച്ഛൻ പഠിപ്പിച്ചതാണ്, നോക്ക് ഈ പോയം അവൾ അവളുടെ അച്ഛനെപ്പറ്റി എഴുതിയതാണ്. ഇത്… എന്നെപ്പറ്റി."
അയാൾ ചിരിച്ചു.
അയാൾ പുസ്തകങ്ങൾ പെട്ടിയിലേക്കു തിരിച്ചു വച്ചു. അപ്പോഴാണ് ഞാൻ കണ്ടത്, അരണ്ട പച്ച നിറത്തിലുള്ള ആർമി പാറ്റേൺ പതിച്ച ഒരു നീണ്ട ഒരു കുഴൽ, അതിനുമുന്നിൽ മഞ്ഞ നിറത്തിൽ തിളങ്ങുന്ന ചില്ല്. അതെന്താണെന്ന് അറിഞ്ഞേ പറ്റൂ. ഞാൻ ചോദിച്ചു,
"അതെന്താ?"
"അതാണ് ടെലസ്കോപ്പ്"
"എന്നു വച്ചാ"
"ദൂരദർശിനി, ഇതിലൂടെ നോക്കിയാൽ അകലെയുള്ള വസ്തുക്കളെ അടുത്തു കാണാം."
അവിശ്വാസത്തോടെ , ഞാൻ വക്കു പൊട്ടിയിരുന്ന ആ കുഴലിലൂടെ നോക്കി.
ശരിയാണ്, അക്കരെയുള്ള ആ കുന്നിതാ തൊട്ടു മുൻപിൽ കാണാം !
കുന്നിൻ മുകളിൽ തടിയെടുക്കാൻ വന്നു കിടക്കുന്ന ലോറികളുടെ പേരു പോലും കാണാമായിരുന്നു.
"ഇതെനിക്കു തരാമോ?" ഞാൻ ചോദിച്ചു, കാരണം ചോദിച്ചതൊന്നും അതുവരെ അയാൾ തരാതിരുന്നിട്ടില്ല.
അയാൾ, ആശ്ചര്യത്തോടെ എന്നെ നോക്കി ഒരു നിമിഷം ആലോചിച്ചു.
"ഇല്ല, ഇത് തരാൻ പറ്റില്ലെടാ. ഇത് വളരെ വിലപിടിച്ച സാധനമാണ്. നീ മിലിറ്ററി ഗ്രേഡ് എന്ന് കേട്ടിട്ടുണ്ടോ. കാർഗിലിലെ യുദ്ധം കഴിഞ്ഞു വന്നപ്പോൾ അനുവിന്റെ അച്ഛൻ അവൾക്കു കൊണ്ടു കൊടുത്തതാണ്. നന്നായിട്ട് സൂക്ഷിക്കണം എന്ന് അച്ഛൻ അവളോട് പറഞ്ഞു. അവൾ അത് നിധി പോലെയാണ് കൊണ്ടു നടന്നിരുന്നത്, ആർക്കും തൊടാൻ പോലും കൊടുത്തിരുന്നില്ല."
അയാൾ ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് തുടർന്നു.
"ഗ്വാളിയാറിലേക്കു പോയപ്പോൾ, ഞാൻ അനുവിനോടു ചോദിച്ചു, അത്രയും ദൂരത്തായാൽ നിന്നെ എങ്ങനെ കാണുമെന്ന്. എനിക്കീ ടെലസ്കോപ്പ് ഗിഫ്റ്റായി തന്നിട്ട് അവൾ പറഞ്ഞു - ഇതിൽ കൂടി നോക്കിയാൽ മതി, നിനക്കെന്നെ കാണാം, ഇത് ദൂരെയുള്ളവരെയും അടുത്ത് കൊണ്ടു വരും."
എന്തായാലും അത് പൊട്ടിയിരിക്കുകയാണല്ലോ, ഞാൻ ആലോചിച്ചു.
"എന്നാണ് നിന്റെയീ റൂം വൃത്തിയായിട്ട് ഒന്നു കാണുന്നത്?" ജനാലക്കപ്പുറത്തുനിന്നും ഒരു ശബ്ദം.
"അനു! നീയിത് പറയാതിരിക്കാനാണ് ഞാനെല്ലാം അടുക്കി വയ്ക്കാം എന്നു വിചാരിച്ചത്, അപ്പോൾ അതിനു മുൻപേ എത്തി" അയാൾ പുറത്തേക്കു വിളിച്ചു പറഞ്ഞു.
അനുചേച്ചി അകത്തേക്കു കയറി, എന്നെ നോക്കി ഒന്നു ചിരിച്ചു.
"ഒന്നിനും ഒരു മാറ്റവും ഇല്ലല്ലോ, മൂന്നു വർഷം കഴിഞ്ഞിട്ടും!” അവർ ചോദിച്ചു.
“മൂന്നു വർഷം, നീ ഇന്നലെ പോയതുപോലെയാണ് എനിക്കു തോന്നുന്നത്.
അനു ചേച്ചി, ആ ഇരുമ്പു പെട്ടിയിലേക്കു നോക്കി.
“ഇതൊക്കെ ഇപ്പോഴും നിന്റെ കയ്യിൽ ഉണ്ടോ”
അവർ ഒരു പഴയ നോട്ടുബുക്ക് കയ്യിലെടുത്തുനോക്കി. അവർ അയാളെ പറ്റി എഴുതിയ കവിത.
“എന്തൊക്കെയാണ് ഞാൻ കുത്തിക്കുറിച്ചിരിക്കുന്നതല്ലേ, എനിക്കു തന്നെ ഓർമയില്ല.”
“നീ മറന്നു പോയോ, നമ്മളന്ന് റംല ടീച്ചറിന്റെ ക്ലാസിലിരുന്ന് മാറി മാറി കവിത എഴുതി, അന്ന് ടീച്ചർ പിടിച്ചു നമ്മളെ കളിയാക്കിയില്ലേ? നീ എന്നെപ്പറ്റി…”
അവർ ഓർമയുടെ ഒരു നേരിയ അടയാളം പോലും കലരാത്ത അദ്ഭുതത്തോടെ അയാളെ നോക്കി നിന്നു.
“ആ ഒന്നുമില്ല.”
“നിന്നെ സമ്മതിക്കണം, ഹൗ കാൻ യു റിമമ്പർ ഇവൻ ദി റാൻഡം തിങ്സ്?”
“നീ അങ്ങ് ഗ്വാളിയാറിൽ പോയതിനു ശേഷം നമ്മളെയൊക്കെ മറന്നതായിരിക്കും. എനിക്കെല്ലാം ഓർമയുണ്ട്.”
“ഹൗ കാൻ ഐ ഫോർഗെറ്റ്. ആക്ച്വല്ലി ഐ മിസ് ദിസ് പ്ലെയ്സ് ,” അവർ എന്തോ ആലോചിച്ച് ചിരിച്ചു, “ഒരു കവിത എഴുതാൻ പറ്റിയ ടൈറ്റിൽ അല്ലേ?”
“ദിസ് പ്ലെയ്സ് മിസസ് യു ടൂ, എന്നൊരെണ്ണം ഞാനും എഴുതാം,” അയാൾ പതുക്കെ പറഞ്ഞു.
“നമ്മുടെ സ്കൂളും ഫ്രണ്ട്സും പോലെയൊന്നുമല്ല. യു നോ. അവിടെ മൊത്തത്തിൽ ഒരു ഒറ്റപ്പെടലായിരുന്നു ആദ്യമൊക്കെ,” മേശപ്പുറത്തു വച്ചിരുന്ന ടെലസ്കോപ്പ് കയ്യിലെടുത്ത്, അലസമായി തിരിച്ചു കൊണ്ട് അവർ പറഞ്ഞു.
"മലയാളികൾ ആരുമുണ്ടായിരുന്നില്ലേ, ക്ലാസിലും…" കണ്ണൻ ചേട്ടൻ ചടങ്ങെന്ന പോലെ ചോദിച്ചു.
"ആദ്യം ഇല്ലായിരുന്നു, പിന്നെ ഒരാൾ വന്നു … റോഷൻ, നാട്ടിൽ കൊച്ചിയിലാണ്, ഹീസ് ലൈക്ക് മൈ ബെസ്റ്റ് ഫ്രണ്ട്. പിന്നേ…"
കണ്ണൻ ചേട്ടൻ ജിജ്ഞാസ കലർന്ന ഒരു പുഞ്ചിരിയോടെ അനു ചേച്ചിയെ നോക്കി. ഞാൻ പെട്ടെന്ന് പുറത്തേക്കു നോക്കിയിരുന്നു.
"നിന്നോട് പറയാല്ലോ, ഹീസ് മൈ ബോയ്ഫ്രണ്ട് ആക്ച്വലി."
അവരുടെ മുഖത്ത് നാണമായിരുന്നോ, അതോ എനിക്കിനിയും മനസിലാക്കാൻ കഴിയാത്ത മറ്റെന്തോ ഭാവമായിരുന്നോ?
അവർ ആ ദൂരദർശിനി പെട്ടിയിലേക്കിട്ടു. അതൊരു വലിയ ശബ്ദം ഉണ്ടാക്കിയതു പോലെ എനിക്കു തോന്നി.
“നിനക്ക് റിലേഷനോ, ഇന്ററസ്റ്റിങ്,” കണ്ണൻ ചേട്ടന്റെ മുഖത്ത് അപ്പോഴും ആ ചിരി ഉണ്ടായിരുന്നു, അതിന്റെ അർത്ഥത്തിനെന്തോ മാറ്റം സംഭവിച്ചിരുന്നു.
“എന്ത് ഇന്ററസ്റ്റിങ്, പോടാ. നിന്റെ സൈഡിലെന്താ, ആ വീണക്ക് നിന്നെ ഇഷ്ടമാണെന്ന് സ്കൂളിൽ എല്ലാർക്കും അറിയാമായിരുന്നല്ലോ. നീ ഇപ്പോഴും പഴയതു പോലെ പൊട്ടനായിട്ട് നില്ക്കുകയാണോ, ആതോ ലൈൻ ആക്കിയോ.”
അവരുടെ കണ്ണുകളിൽ തമാശകലർന്ന ഒരു സംശയഭാവമായിരുന്നു. അതിനു പക്ഷേ അയാളുടെ കണ്ണുകളെ കണ്ടെത്താനായില്ല.
“എനിക്കിവിടെ എന്റെ കാര്യങ്ങൾക്ക് ടൈം കിട്ടുന്നില്ല. പിന്നെ അല്ലേ കാമുകി. അതിനും മാത്രം പെൺപിള്ളേരും ഇവിടെ ഇല്ലല്ലോ.”
അയാൾ വീണ്ടും ചിരിച്ചു.
"അത് പോട്ടെ, നീ എന്നു തിരിച്ച് ഗ്വാളിയാറിലേക്ക് പോകും?"
"അച്ഛനും അമ്മക്കും ഒരു മാസം നിൽക്കണം എന്നാണ്, എനിക്ക് എക്സാം ആയതു കൊണ്ട് മറ്റന്നാൾ പോണം എന്നു പറഞ്ഞു, യഥാർത്ഥ കാരണം, അറിയാല്ലോ…"
അയാൾ വീണ്ടും പുഞ്ചിരിച്ചു.
അവർ വാച്ചിലേക്കു നോക്കി.
"എങ്കിൽ ഞാൻ പോട്ടെ… ആറുമണിക്ക് ആന്റിയുടെ വീട്ടിലേക്ക് പോകാനാ പ്ലാൻ, ഇനി വരുമ്പോ കാണാം…"
അവർ ധൃതിയിൽ പുറത്തേക്കിറങ്ങി. തിരിഞ്ഞു നിന്നു കൈവീശി. എന്നിട്ട് കുറ്റിക്കാടുകൾക്കിടയിലെ അനാഥമായിക്കിടക്കുന്ന ചെമ്മൺപാതയിലൂടെ നടന്നു. അകലെ പുന്നമരക്കാടുകൾക്കിടയിൽ നിന്നും അരിച്ചിറങ്ങുന്ന അസ്വസ്ഥമായ ആ ഇരുട്ടിൽ, അവരുടെ നിഴൽരൂപം മാഞ്ഞു പോകുന്നതു വരെ ഞാനും നോക്കി നിന്നു.
ഇത്രയേ ഉള്ളോ? ഇവർ ഏറ്റവും അടുത്ത കൂട്ടുകാർ ആണെന്നല്ലേ കണ്ണൻ ചേട്ടൻ പറഞ്ഞത്.
സൗഹൃദത്തിനെപ്പറ്റി കൂടുതൽ മനസിലാക്കേണ്ടിയിരിക്കുന്നു.
കണ്ണൻ ചേട്ടൻ കസേരയിലേക്കിരുന്നു, ആ ഇരുമ്പ് പെട്ടിയിലേക്ക് നോക്കി എന്തോ ആലോചിച്ചു.
ആ മുറിയിൽ അസ്വസ്ഥമായ ഒരു നിശബ്ദത നിറയുകയായിരുന്നു.
"നിങ്ങൾ എന്തോ ഈ ആലോചിക്കുന്നത്?"
"ങും, റൂമിൽ സ്ഥലമില്ല, ഈ പഴയ സാധനങ്ങളെല്ലാം എടുത്ത് കളയണം. താഴത്തെ ആ പൊട്ടകിണറിൽ കൊണ്ടിടാം. എന്താ?"
എന്റെ കൈകളും അസ്വസ്ഥമായി ചലിച്ചു കൊണ്ടിരുന്നു, ഞാനായാളോട് എന്ത് സംസാരിക്കും എന്ന് ആലോചിക്കുകയായിരുന്നു, എനിക്കൊരു വിഷയവും കിട്ടിയില്ല. അവസാനം ഞാൻ പറഞ്ഞു,
"ഞാനേ, അമ്പലത്തിൽ പോയിട്ടു വരാം, അവിടെയിന്നു ചിലപ്പോ കളി തുടങ്ങും."
ഞാൻ എഴുന്നേറ്റ് പുറത്തേക്കു നടന്നു.
"നിക്ക്."
കണ്ണൻ ചേട്ടൻ ഇരുമ്പു പെട്ടിയിൽ നിന്നും ടെലസ്കോപ്പ് എടുത്ത് നോക്കി, എന്നെയും നോക്കി.
അയാൾ പതിയെ നടന്നു വന്ന് അത് എന്റെ കയ്യിൽ വച്ചുതന്നു.
"എടുത്തോ…"
"പക്ഷേ, ചേട്ടാ, നിങ്ങൾ പറഞ്ഞു…"
"ഞാനിതു കൊണ്ടൊക്കെ കളിക്കുന്ന പ്രായമൊക്കെ കഴിഞ്ഞു പോയി." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"പക്ഷേ, അനുചേച്ചി…?"
"അവളും മാറിയില്ലേ, ഷീ വോൺട് കെയർ, നീ എടുത്തോ."
എന്റെ കണ്ണുകൾ പ്രകാശിച്ചു. ഞാനത് കയ്യിൽ മുറുകെപ്പിടിച്ചു.
ഇന്നെന്റെ കയ്യിലതു ഞാൻ മുറുകെപ്പിടിച്ചിരിക്കുമ്പോൾ, ഞാൻ ആ ദിവസത്തെപ്പറ്റി ഓർത്തുപോയി.
കാരണം, ഞാനിന്നു മാളുവിനെ കണ്ടു. അവൾ അവളുടെ വിവാഹം ക്ഷണിക്കാൻ വന്നതായിരുന്നു.
അവൾ, മുപ്പത്തിയഞ്ചു വയസു കഴിഞ്ഞിട്ടും വിവാഹം ചെയ്യാത്ത അവളുടെ ചേട്ടനെപ്പറ്റി പരാതി പറഞ്ഞു.
ഞാൻ വീണ്ടും ആ ദൂരദർശിനിയിലൂടെ നോക്കി.
ദൂരദർശിനി, അത് അകലെയുള്ള വസ്തുക്കളെ അടുത്തു കാണാൻ സഹായിക്കുന്നു. ഒരു പക്ഷേ, അകലെയുള്ള കാലങ്ങളേയും!